എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday 7 March 2017

പെണ്ണ്

ആണു പെണ്ണെന്നു രണ്ടു ഭേദങ്ങളാ
ണാദികാലമേയുണ്ടായിരുന്നതെന്നാ-
രുചൊല്ലിയെന്നോർമ്മയില്ലെങ്കിലും
ആഴമേറിയ സത്യമതുതന്നെ

അമ്മയൂട്ടിയമൃതിൻ മധുരമായി
തല്ലുകൂട്ടും കുസൃതിയാം പെങ്ങളായ്
കുട്ടിക്കാല കളിക്കൂട്ടുകാരിയായ്
മെല്ലെയുള്ളിലുറയ്ക്കുന്ന സ്ത്രീത്ത്വവും

ജൈവ ചക്രം തിരിഞ്ഞൊരുനാളിലായ്
നല്ലപാതിയെ തേടുന്ന വേളയിൽ
പ്രേമപീയൂഷധാരയൊഴുക്കുവോൾ
ജീവനൊന്നിന്റെ ഭാരം ചുമക്കുവോൾ

പക്ഷേഇന്നിന്റെ നാറിയ ചിന്തകൾ
വ്യാഘ്രമായി വന്നു ചോരകുടിക്കുമ്പോൾ
വിൽകുവാൻ വച്ച കമ്പോള വസ്തുവായ്
കണ്ണിനിക്കിളി കൂട്ടും പ്രതിമയായ്


ഭരണരംഗത്തും തൊഴിലിലും എവിടെയും
ഉജ്വലിക്കുവോൾ വീട്ടിലാണെങ്കിലോ
മാതൃ പുത്രീ സഹോദരീ ഭാവത്തിൽ
ഭാര്യ കാമുകീ സൽസഖീ വേഷത്തിൽ


ഏറെയുണ്ട് പ്രതിബന്ധമെങ്കിലും
കാലമേറെ തടവിലാണെങ്കിലും
സ്‌നേഹലാളനാ വാത്സല്യമോടവൾ
ഭൂമിയാകെ സ്നിഗ്ദ്ധമാക്കീടുന്നു
    നിധീഷ് വർമ്മ രാജാ യു

Sunday 9 November 2014

നഗരയാത്രികൻ

നഗര വീഥിയിൽ തിക്കും തിരക്കിന്റെ
ഇടയിലുണ്ട് ഞാൻ യാത്രികനായിതാ
പലരുമുണ്ടെനിക്കൊപ്പമീ വീഥിയിൽ
പലലക്ഷ്യങ്ങളിൽ പാഞ്ഞു നടക്കുവോർ
പുകവമിക്കുമീ യന്ത്ര ശകടങ്ങളിൽ
ലക്ഷ്യമേറെ താണ്ടുവാനുള്ളവർ
നിത്യ വൃത്തിക്ക് വേലപാർക്കേണ്ടവർ
അലസമുല്ലാസയാത്രയ്ക് വന്നവർ
നീറിടുന്ന മനസുമായെത്തിയോർ
ഭാവിയേറെ കരുതുവാനുള്ളവർ
നഗരമാദ്യമായ് കാണുവോർ
പിന്നെയോ നഗര ജീവിത തിരയിലലിഞ്ഞവർ
കളവുവഞ്ചന ശീലമാക്കുന്നവർ
കളവുതെല്ലുമറിഞ്ഞുകൂടാത്തവർ
വഴിയിൽ ചില്ലറ വ്യാപാരം ചെയ്യുവോർ
വെറുതെനിന്നങ്ങുവായിന്നോക്കുന്നവർ
വിദ്യതേടുവോർ വീടുതേടുന്നവർ
വിരുതർ പിന്നെ നാരിയെ തേടുവോർ
കോടികൾ കയ്യിലമ്മാനമാടുവോർ
കാലണയ്കു വകുപ്പുതേടുന്നവർ
വേഷഭൂഷകൾ ഗംഭീരമായവർ
വേഷമാകെ ക്Iറിനാറുന്നവർ
വിലമതിക്കാത്ത ഗന്ധങ്ങൾ പൂശിയോർ
മൂക്കു പൊത്തേണ്ട ഗന്ധം വമിക്കുവോർ
വിവിധപ്രായത്തിലുള്ളവർ യൌവനം
ലഹരിയിൽ മുക്കി ധൂർത്തടിക്കുന്നവർ
ദമ്പദികൾ കാമുകീകാമുകർ
നേരമ്പൊക്കിനായൊത്തുകൂടുന്നവർ
സിനിമാശാലകൾ ബീച്ചുകൾ പാർക്കുകൾ
പള്ളിയമ്പലം പള്ളിക്കൂടങ്ങളും
ഫയലിൽ മുങ്ങുന്ന സർക്കാരോഫീസുകൾ
ചരിത്രമേറെ പറയുന്ന വീഥികൾ
നേരമ്പോക്കിനായേറെയിടങ്ങളും
അവിടെ കൂടും മനുഷ്യജാലങ്ങളും
ഇവയിലെങ്ങോ അലിഞ്ഞു ചേരുന്നൊരു
സത്വവും ഞാനുമെന്നുടെ യാത്രയും
നഗര വീഥിയിൽ തിക്കും തിരക്കിന്റെ
ഇടയിലുണ്ട് ഞാൻ യാത്രികനായിതാ

Saturday 11 October 2014

രണ്ടു നാലുവരികൾ (F B യിൽ പോസ്റ്റ് ചെയ്തത്)


തേനിൽ മുക്കിയ സ്വർണ്ണാക്ഷരം നാവിൽ മധുരം
ചാലിച്ചെന്നുമെന്നിലൊഴിയാതൊഴുക്Iടുവാൻ
വിദ്യാ ദേവി സരസ്വതീനീയെന്നുമെൻബുദ്ധിയിൽ
മോദത്തോട് വിളങ്ങുവാൻ കൂപ്പി സ്തുതിക്കുന്നു ഞാൻ

@@@@@@@@@@@@@@@@@@@@@@@@@@@@@@
@@@@@@@@@@@@@@@@@@@@@@@@@@@@@@@@


പ്രണയാർദ്ര വിശാല ലോലമെൻ
ഹൃദയത്തിൽ പ്രതിഷ്ട ചെയ്യുവാൻ
മനമൊത്തൊരു ചാരുവിഗ്രഹം
തിരയുന്നൊരു നേരമായിതാ

Sunday 5 October 2014

ബ്രിക്ക് ഗയിം

ബ്രിക്ക് ഗയിം  പ്രിയപ്പെട്ടതാണ്‌
ഒരോ പുതിയ കട്ടവരുമ്പോഴും
സൂക്ഷിച്ച് നിരത്തിയടുക്കും
എത്ര സൂക്ഷിച്ചാലും ചില
കട്ടകൾ മെരുങ്ങുകില്ല
അതു വകവയ്കാതെ വ്Iണ്ടുമടുക്കും
പിന്നെയും പിന്നെയും പലരൂപത്തിൽ
മെരുങ്ങാത്തവ വേഗം വേഗം വരും
പിന്നെ അതിൽ കുറച്ചുഹരം കയറി മത്സരിക്കും
ഇടയ്ക് കൈവിട്ടുപോകും
സമയം തീർന്ന് തലതട്ടുമ്പോൾ
നിറയ്ക്കാനാകാതെ പോയ
ഇടങ്ങൾ നോക്കി നെടുവ്Iർപ്പിടും
അതിലൊരു കലാരൂപം കാണാൻ ശ്രമിക്കും
ഹൈസ്കോറിനു തൊട്ടു താഴെ,
 പ്രതീക്ഷിച്ചതിലും താഴെയെന്നു നിരാശപ്പെടും

ജീവിതവും പ്രിയപ്പെട്ടതാണ്‌
ആദ്യമൊക്കെ സൂക്ഷിച്ചടുക്കും
എത്ര സൂക്ഷിച്ചാലും ചില
കട്ടകൾ മെരുങ്ങുകില്ല
അതു വകവയ്കാതെ വ്Iണ്ടുമടുക്കും
പിന്നെയും പിന്നെയും പലരൂപത്തിൽ
മെരുങ്ങാത്തവ വേഗം വേഗം വരും
പിന്നെ അതിൽ കുറച്ചുഹരം കയറി മത്സരിക്കും
ഇടയ്ക് കൈവിട്ടുപോകും
ഒടുവിൽ സമയം ത്Iർന്ന് തല തട്ടുമ്പോൾ
നിറയ്കാനാകാതെ പോയ
 ഇടങ്ങൾ നോക്കി നെടുവ്Iർപ്പിടും
എല്ലാ കുറവുകൾക്കിടയിലും
അതിലൊരു രൂപം കാണും
കുറെ സ്വപ്നങ്ങളുടേയും നഷ്ടങ്ങളുടേയും
കൊളാഷ്




Wednesday 20 August 2014

എല്ലാവരും കവികളാണ്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
 സ്വപ്നം പാരമ്പര്യമായി കിട്ടിയത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയാത്തത് കേള്‍ക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയുന്നതിനപ്പുറം ധ്വനിപ്പിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എഴുതാ‍പുറം വായിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
തന്നെത്താനെങ്കിലും പ്രണയിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
 വേദനകളുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
വേദനകള്‍ക്ക് സന്തോഷമുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റു കവിതകളോട് അസൂയ

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റുള്ളവര്‍ക്ക് മനസിലാവാതെ പോകുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
അപ്രതീക്ഷിത ഭംഗിയുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
നോവുകള്‍ ബാക്കിയാവുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എപ്പോഴും പൂര്‍ത്തിയാവാത്തൊരു കവിത
മനസില്‍ കൊണ്ടു നടക്കുന്നത്

Saturday 12 July 2014

ചോരക്കാലം

കാലമേ നിന്റെ ചോരക്കൊതിയൊട്ടും
തീർന്നിട്ടില്ലേ പുതിയ നൂറ്റാണ്ടിലും
ചോര ചിന്തി തെറിക്കുന്ന ബാല്യവും
കൊന്നു കൂട്ടുവാൻ വെമ്പും യുവാക്കളും
തോരുന്നില്ല അമ്മയ്കു കണ്ണുനീർ
വൈധവ്യത്തിൽ തീരും മധുവിധു
എന്തു  തത്ത്വ മത ശാസ്ത്രമോതിലും
ന്യായമില്ലതിനുത്തരമേകുവാൻ
ഗാസ,ബാഗ്ദാദ് ,സിറിയ, സുഡാനിലും
ചരിത്ര താളിലെ ഹിറ്റ്ലറിൻ കാലവും
രണ്ട് ലോക മഹായുദ്ധ വേളയും
എണ്ണമറ്റ കലാപവും യുദ്ധവും
കൊന്നുകൂട്ടും ഭരണകൂടങ്ങളും
എന്നുമുള്ള സ്ഫോടങ്ങളും
കഷ്ടമെത്ര ജീവൻ  പൊലിഞ്ഞു പോയ്
കഷ്ടമെത്ര സ്വപ്നങ്ങൾ മാഞ്ഞു പോയ്
അന്ത്യമില്ലേ ഇതിനൊന്നും ഓർക്കുകിൽ
എന്തു കഷ്ടമീ സുന്ദര ഭൂമിയെ
നരകമാക്കുന്നീ നരാധമർ നിത്യവും