എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday, 22 May 2014

വാർത്താ ദിനം

രാവിലെ ടി വി തുറന്നൂ പിന്നെ
വാർത്താചാനലിൻ മുന്നിലിരുന്നു
ബ്രേക്കിങ്ങ് ന്യൂസുകൾ ഓരോന്നായി
മിന്നിമറഞ്ഞാ ചെറിയൊരു തിരയിൽ

കാണാതായ വിമാനക്കഥയും പൊട്ടും
ബോംബിൻ എണ്ണവുമെല്ലാം
ക്രിക്കറ്റ് സ്കോററിയുന്നത് മാതിരി
ചാരിയിരുന്നു കണ്ടു രസിച്ചു

പെട്ടന്നെത്തി ഞെട്ടും വിധമായ്
മുഖ്യൻ രാജിക്കെന്നൊരു വാർത്ത
ചോദ്യചിഹ്നവുമിട്ടിട്ടങ്ങിനെ
ബ്രേക്കിങ്ങായി സ്ക്രീനിൽ ഒഴുകി

ചർച്ച തുടങ്ങി മുഖ്യനു പകരം
മുഖ്യൻ ആവാൻ ആരിനി മേലിൽ
പാർട്ടി പിളർത്തി ചാടാനാണോ
പ്രതിപക്ഷത്തിൻ  കടുംകയ്യാണോ
സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും
വാരിയതാണോ ചർച്ച തുടങ്ങി

ചർച്ചക്കാരവർ പതിവിൻ പടിയായ്
ചാനലുതോറും ബ്ലാ ബ്ലാ തുടങ്ങി
ഒരുവൻതന്നെ പലവിധചാനലിൽ
തൽസയത്തിന്നെത്തുന്നൊരു മായം
എന്തൊരു വൈഭവം എന്തൊരു ജ്ഞാനം
എല്ലാ ചർച്ചയും ഇവരാൽ തന്നെ
അറിയേണ്ടുന്ന പലവിധ കാര്യം
ചർച്ചയ്കുള്ളിൽ മുങ്ങിപ്പോയി

രാവിലെ മുതലവർ ചർച്ചയിലൂടെ
പലരെ മുഖ്യന്മാരായ് മാറ്റി
വൈകുന്നേരത്തോടെ മുഖ്യനും
പാർട്ടിതലവനും ഒന്നായ് ചൊല്ലി
രാജി വാർത്തകൾ ഊഹം മാത്രം

ചർച്ചകളെല്ലാം പാഴായ് മാറി
ചർച്ചകൾ കേട്ടവർ മണ്ടന്മാരായ്
പുതിയൊരു ചർച്ചയ്കെന്തൊരു മാർഗ്ഗം
ചാനലുകാരവർ വാർത്ത തിരഞ്ഞു

പുഴ


Tuesday, 13 May 2014

ഹൃദയത്തിനുള്ളിൽ

ചില്ലുകൂട്ടിൽ അത്യാസന്നമായൊരു
ഹൃദയമിന്നിതാ നേർത്തു തുടിക്കുന്നു
അനന്തമാകുന്നൊരീ പ്രപഞ്ചത്തിൽ
തന്റെ സ്ഥാനം അറിയാതെ പോയത്
പോയിടും വഴിയൊക്കെ ശരിയെന്ന്
തോന്നി തോന്നുംപോൽ നടന്നത്
പ്രണയ ദാഹത്തിൽ നീറിപ്പുകഞ്ഞുള്ളീൽ
മറ്റൊരു ഹൃദയം വഹിച്ചത്
തന്റെ നേട്ടങ്ങൾ മാത്രം മോഹിച്ചിട്ട്
മറ്റ് ഹൃദയങ്ങൾ പാടേ തകർത്തത്
നേടിയതൊക്കെ ഉള്ളിലോർത്തും കൊണ്ട്
ഏറെയൂറ്റം കൊണ്ടുനടന്നത്
ഏറെയേറെ സമ്മർദ്ദമേറ്റേറെ
നേടി നേട്ടങ്ങളേറെയെന്നോർത്തത്
ഏറെ സ്നേഹിക്കുമഞ്ചാറു പേർക്കായി
കെട്ടിപ്പൊക്കിയ സാമ്രാജ്യമുണ്ടതിൽ
ഒക്കെ നേർത്തമിടിപ്പ് നിൽക്കും
നേരം മാഞ്ഞിടുന്ന മനോഹര ചിത്രങ്ങൾ