കൊഞ്ഞനം കുത്തി ചിരിച്ചുകടന്നുപോയ്
പ്രണയദിനത്തിലെ സൂര്യൻ പതിവുപോൽ
പൂക്കളില്ലാത്ത പരിഭവമില്ലാത്ത
ഏകാന്ത ശാന്തത മാത്രമാണെങ്ങുമേ
വശ്യമനോഹരമല്ലിന്നു ഭൂമിയും
ജീവിത പോർക്കളം മാത്രമാകുന്നിതാ
വേണ്ടിതൊന്നും എന്ന് തോന്നിയ നാളുകൾ
നഷ്ടബോധം പിന്നിലുണ്ടെന്ന് സംശയം
പാടിയില്ലാ വസന്തപ്പറവകൾ
മൂകരായ് പാറി പറന്നു പോയെങ്കിലും
നുകർന്നതില്ലീ പൗർണ്ണമിരാവിലെ
ആകാശമുല്ലകൾ പൂത്തൊരു ഗന്ധവും
കേട്ടതില്ലീ മഴത്തുള്ളി പാടിയ
പ്രണയഗാനത്തിന്റെ രാഗാർദ്രഗീതവും
കണ്ടതില്ലാ ആകാശ ഗോപുര
ചിത്രം വര്യ്കുന്ന മാരിവിൽ കാവടി
തിരികെ നടക്കുവാനാവുകില്ലിന്നിനി
പോകട്ടെ ദൂരം പോകുവോളം വരെ