എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Monday, 27 May 2013

പ്രപഞ്ച വിസ്മയം

ആദികാലമതില്‍ ആകെയൊന്നായി
അനന്തം ആനന്ദമേകരൂപം
മഹാ പ്രപഞ്ചത്തെയുള്ളിലാക്കി
ഒരു വന്മരത്തിന്‍  വിത്തെന്ന പോലെ
പരമാത്മരൂപം അരുളുന്ന കാലം
അതിന്‍റെ ഊര്‍ജ്ജം സ്വതന്ത്രമായി
അതില്‍നിന്ന് വിരിയുന്നു മഹാപ്രപഞ്ചം
ഒരു കുഞ്ഞു പൂവ് വിടരുന്ന പോലെ
വിടരുന്നു വിലസുന്നു അതിന്‍ പ്രഭാവം
തുടരുന്നതീക്രിയ അനന്തകാലം

അതിനുള്ളിലായൊരു കുഞ്ഞു ഗോളം
ഭൂലോകമാകുന്ന ജീവ ലോകം
അതിനെ ആകെ അടക്കി വാഴാന്‍
അത്ത്യാര്ത്തി പൂണ്ടു നരജീവികള്‍ വാണിടുന്നു
കൈയ്യാല്‍ തൊടുന്നത് സ്വന്തമാക്കാന്‍
കണ്ണാല് കാണ്മത് പേരിലാക്കാന്‍
ഭൂമിക്കിതാകെ വിനയെന്നത് ഓര്ത്തിടാതെ
സഹ ജീവി നാശമത് കൂസിടാതെ
തന്‍ കാര്യ നേട്ടമത് ലക്ഷ്യമോടെ
ആവേശമോട് പണിപെടും ബുദ്ധിശാലി
ഈ ഭൂമിമൊത്തം കാല്‍കീഴിലെന്നാല്‍
ഓര്‍ക്കുന്നതില്ല അവന്‍റെ കാലം
ദീര്‍ഘായുഷ്മന്റെ നൂറുകൊല്ലം
അതീ പ്രപഞ്ചത്തില്‍ നിമിഷ നേരം

ഇന്നീ പ്രപഞ്ചത്തിന്‍ വലിപ്പമോര്ത്താല്‍
അതില്‍ അടങ്ങുന്ന മഹത്ത്വമോര്ത്താല്‍
അലയാഴി കണ്ട കുഞ്ഞു കണക്കെ നമ്മള്‍
അത്യാഹ്ലാദ വിസ്മയമോട് നോക്കിനില്‍ക്കും





Wednesday, 15 May 2013

ആര്‍ഷ ഭാരതം

           
        നിരവധി തവണ കേട്ടിട്ടുണ്ടെങ്കിലും  ആര്‍ഷ ഭാരത സംസ്കാരം എന്താണെന്നു പലര്‍ക്കും അറിയില്ല.ഞാന്‍ മനസ്സിലാക്കിയത് പറയാം, പുരാതന ഋഷി വര്യന്മാര്‍ തലമുറകളിലൂടെ കൈമാറിയ വിജ്ഞാനവും സംസ്കാരവും തത്ത്വ ചിന്തയും എല്ലാം അടങ്ങിയതാണ് ഈ ആര്‍ഷ ഭാരത സംസ്കാരം. ഇത് ഏതെങ്കിലും പാര്ട്ടിയ്കോ മതത്തിനോ വര്ഗ്ഗത്തിണോ മാത്രം അവകാശപ്പെട്ടതല്ല മറിച്ച് എല്ലാ ഭാരതീയര്‍ക്കും മാനവരാശിക്കാകമാനവും അവകാശപ്പെട്ടതാണ്. ആ പരമ്പരാഗത ചിന്താ സരണിയുടെ ഭാഗമാണ് വ്യാസനും ബുദ്ധനും ശങ്കരാചാര്യരും ചാര്‍വാകനും ജൈനനും തുടങ്ങി ഉന്നത സൂഫി സന്യാസിമാരും എല്ലാം. ഋഷിമാരുടെ ഫലേച്ച ഇല്ലാത്ത ധ്യനത്തിന്റെയും വിചിന്തനത്തിന്റെയും ഫലമാണീ അറിവുകള്‍. 
                      ആര്‍ഷഭാരതത്തെ വിമര്ശിക്കുനന്നവര്‍ക്കും തള്ളിക്കളയാന്‍ ആവാത്തതാണ് ചില കണ്ടുപിടുത്തങ്ങള്‍ ഭാരതീയര്‍ നടത്തി എന്നത് (സായിപ്പും അന്ഗീകരിച്ച്ചിട്ടുണ്ടല്ലോ)പൂജ്യത്തിന്റെ കണ്ടുപിടുത്തം,ആര്യഭടന്റെ ജ്യോതി ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലെയും സംഭാവനകള്‍, ഭാരതീയ ആയുര്‍വേദ ചികില്‍ത്സാ സമ്പ്രദായം, തുടങ്ങിയവ നിസ്തര്‍ക്കം തന്നെ. പല കണ്ടുപിടുത്തങ്ങളുടെയും കാലഘട്ടങ്ങളും രീതികളും മാത്രമാണ് പലര്‍ക്കും തര്‍ക്ക വിഷയം. ആരെന്കിലും അയ്യായിരം വര്ഷം മുന്‍പ്‌ കണ്ടെത്തി എന്ന് പറഞ്ഞാല്‍ ഉടന്‍ പറയും അയ്യേ അത് രണ്ടായിരം വര്ഷം മാത്രമേ ആയുള്ളല്ലോ എന്ന് പറഞ്ഞു കളിയാക്കും. എനിക്ക് മനസ്സിലാവാത്തത് ഇനി അത് ആധുനീക ലോകം കണ്ടു പിടിക്കുന്നതിനു ഒരു ദിവസം മുന്‍പെങ്കിലും കണ്ടെത്ത്തിയിട്‌ുന്ടെങ്കില്‍ അത് ഒരു വല്ല്യ കാര്യമാണെന്ന് അംഗീകരിക്കാന്‍ ഇവര്‍ക്കെന്താ ഇത്ര മടി എന്നതാണ്.
         വൃക്ഷങ്ങള്‍ക്ക് ജീവനുണ്ട് എന്ന് പണ്ടേ പറഞ്ഞിട്ടുള്ളത്‌ പിന്നീറ്റ്‌ ആധുനിക ശാസ്ത്രത്തിനു മുന്‍പില്‍ ജഗദീഷ്‌ ചന്ദ്ര ബോസ് തെളിയിക്കും വരെ അന്ധ വിശ്വാസം ആയിരുന്നു. വേപ്പിന്റെ ഔഷധ ഗുണം നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞത്‌ ആര്‍ക്കും അംഗീകരിക്കാന്‍ വയ്യാരുന്നു ഒരു ദിവസം അമേരിക്കന്‍ കമ്പനി അതിന്റെ പേറ്റന്റ് നേടിയപ്പോള്‍ ഒന്നും പറയാനില്ല. മഞ്ഞളിന്റെ മുറിവുണക്കാനുള്ള കഴിവ്‌ അതുപോലെ മറ്റൊരു അമേരിക്കന്‍ കമ്പനി പേറ്റന്റ് എടുത്തു.ആല്‍ മരം പ്രകൃതിയില്‍ ഏറ്റവും അധികം വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള വൃക്ഷം ആണെന്ന് ആധുനീക ശാസ്ത്രം കണ്ടെത്ത്തിയപ്പോഴും ആല്‍ മരം വിശുധ്ധമായത് അന്ധവിശ്വാസം മാത്രം. മഞ്ഞപ്പിത്തം ആധുനീക വൈദ്യ ശാസ്ത്രത്തിനു കീഴടങ്ങുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ നാട്ടു മരുന്നിനു മുന്‍പില്‍ കീഴടങ്ങിയിരുന്നു.ചാണക്ക്യന്റെ അര്‍ത്ഥ ശാസ്ത്രം ആധുനീക സമൂഹത്തിലും പഠനാര്‍ഹാമാണല്ലോ?പിന്തുടര്ച്ച്ചകളില്ലാതെ ഭാരതത്തിലെ പല അറിവുകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു മാത്രമല്ല അന്ധവിശ്വാസം എന്ന് പറഞ്ഞു പല അറിവുകളും അര്‍ഹിക്കുന്ന പഠനങ്ങള്‍ നടക്കുന്നില്ല.     
               ഭാരതീയ സംസ്കാരത്തെയും ആചാരങ്ങളെയും തള്ളിപ്പറഞ്ഞു വല്ല്യ ആളുകള്‍ ആകുക എന്നത് ഒരു ഫാഷന്‍ ആയി ചിലര്‍ കരുതുന്നു.ഇവര്‍  മനസ്സിലാക്കാത്ത ഒരു സത്യമുണ്ട് അവര്‍ കുറ്റം പറയുന്നത് അവരുടെ മുന്‍ തലമുറകളെ കൂടിയാണ്.  അതിനായി അവര്‍ ചെയ്യുന്നത് മുന്‍കാലത്ത് നടന്ന പല അനാചാരങ്ങളെയും എടുത്തു പറഞ്ഞു അവ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് എന്ന്സ്ഥാപിക്കല്‍ ആണ്. ഭാരതത്തിന്റെ അറിവുകളെ തള്ളിപ്പറയാന്‍ പലരും ഉപയോഗിക്കുന്നത് ജാതി വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട ഏതെന്കിലും അനാചാരങ്ങളും ആയിരിക്കും.  നല്ല അറിവുകളെ എവിടെ എങ്കിലും വച്ചുകെട്ടി മൊത്തത്തില്‍ മോശമാക്കിപറയുന്നവര്‍ മോശമാക്കുന്നത് സ്വന്തം സംസ്കാരത്തെ ആണെന്നെന്നും ഓര്‍ക്കാറില്ല. ലോകത്ത്‌ ഒരു കാര്യവും പൂര്‍ണ്ണമായും നല്ലത് മാത്രമല്ല.യുക്തി വാദത്തിന്റെ ആദ്യ വേരുകള്‍ കള്ളന്മാരിലും സാമൂഹ്യ വിരുധ്ധരിലും അല്ലേ കെട്ടുപിണഞ്ഞു കിടക്കുന്നത്,അവരൊന്നും ഇന്നത്തെ ചിലരെ എങ്കിലും പോലെ ശാസ്ത്ര ജ്ഞാനം അടിസ്ഥാനമാക്കിയോ സാമൂഹ്യ നന്മയെ ഉദ്ദേശിച്ചോ അല്ലല്ലോ ദൈവത്തെ തള്ളിപ്പറഞ്ഞത്.എല്ലാ മതങ്ങള്‍ക്കും ഇരുണ്ട കറുത്ത അധ്യായങ്ങള്‍ ചരിത്രത്തില്‍ ഉണ്ടല്ലോ. അണ്‌ുബോംമ്പും എന്ടോസള്‍ഫാനും ആയുധങ്ങളും എല്ലാം ശാസ്ത്രത്തിന്റെ കറുത്ത വശങ്ങള്‍ അല്ലേ അതുകൊണ്ട് മാത്രം ഇവയെല്ലാം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ ആകുമോ?.  അറിവുകള്‍ സ്വര്‍ണ്ണം പോലെ നിരവധി അനവധി അഴുക്കുകളില്‍ പെട്ട് കിടക്കുകയാനെന്കിലും അവയെ ശുദ്ധീകരിച്ച് ആധുനീക സമൂഹത്ത്തിനു പ്രയോജനപ്രദമാക്കുന്നതാവും നല്ലത്.
            ഇതൊക്കെ പറഞ്ഞത്‌ പുരാതന ഭാരതം സമ്പൂരണനയിരുന്നു എന്ന് വാദിക്കുവാണോ എല്ലാം കണ്ടുപിടിച്ചത് പുരാതന ഭാരതീയര്‍ ആണെന്നോ പറയാനല്ല മറിച്ച് ഭാരതീയം എന്നത് കൊണ്ട് മാത്രം ഒന്നും തള്ളിക്കളയാന്‍ പാടില്ല. വെറുതെ മേനി പറയാനോ കളിയാകി തള്ളാനോ ശ്രമിക്കാതെ അര്‍ഹിക്കുന്ന പഠനം നല്കാനും നല്ലതിനെ നല്ലത് എന്ന് കരുതി സ്വീകരിക്കാനും തള്ളേണ്ടത്തള്ളുകയും ഉള്ള മനസ്സ്‌ ഉണ്ടാവേണ്ടതാണ്  .  
                                         

Wednesday, 1 May 2013

മൃഗ സിങ്ങര്‍



             .   കാട്ടുവിഷന്‍ ചാനലിലെ  മൃഗ സിങ്ങര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മഞ്ഞണികാട്ടിലെ കുഞ്ഞന്‍ മുയല്‍.അവനൊപ്പം തന്നെ തേന്‍മഴ ക്കാട്ടിലെ മോട്ടു മയില്‍,പൂമരച്ചോട്ടിലെ കിങ്ങിണി മുയല്‍ പിന്നെയും കുറെ മുയലുകളും തത്തകളും മയിലും കുയിലും,കിര്‍മന്‍ സിംഹക്കുട്ടിയും പുലിക്കുട്ടിക്കള്‍ ആയ രുംബനും മോമ്പന്നും എല്ലാം ഉണ്ട്. എല്ലാരും നല്ല പാട്ടുകാരാ.കുഞ്ഞന്‍ മുയല്‍ സന്തോഷത്തോടെ തുള്ളിച്ചാടി മത്സരിക്കാന്‍ തയ്യാറായി വന്നു. ജയിച്ചാല്‍ കാട്ടിന് നടുക്ക് വല്ല്യ സൌകര്യമുള്ള ആധുനീക ഗുഹയാണ് സമ്മാനം.പിന്നെ ജീവിത കാലം മുഴുവന്‍ ഇഷടമുള്ള പഴങ്ങളോ ഭക്ഷണങ്ങളോ ഒക്കെ ടി വി ക്കാരുടെ വകയായിട്ടുണ്ട്. ഒരു ക്യാരറ്റ് കൊട്ടാരം ചോദിക്കണം കുഞ്ഞന്‍ മനസ്സില്‍ കരുതി.
                          പരിപാടി അവതരിപ്പിക്കുന്നത് മിസ്സ്‌ കടുവാ കുമാരി ആയിരുന്നു.           .ഈ പരുപാടിയുടെ ജഡ്ജ്സ് ആയി വരുന്നത് കാട്ടോളിപാറ  വേലു കുറുക്കനും ചെമ്പോളി ക്കാട്ടിലെ വരയന്‍ കടുവയും കാട്ടരുവിക്കരയിലെ നീളന്‍ പെരുംപാമ്പുമാണ് എല്ലാരും പാട്ടുകാരാണ്.അതിനിടയില്‍ തന്റെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടാന്‍ അവന്‍ പരമാവധി ശ്രമിച്ചു. ജഡ്ജസ്  ഓരോ പാട്ടുകള്‍ക്കും കുറ്റങ്ങളും കുറവുകളും കണ്ടെത്തി പറയും.ശ്രുതി ശരിയായില്ല,ശബ്ദം ശരിയായില്ല, സംഗതി ഇല്ല, പാട്ടിന്റെ വരി തെറ്റിച്ചു ഹോ...ഇനി എല്ലാം ശരിയായാലും പറയും കുറച്ചുകൂടി നന്നാക്കാന്‍ ഉണ്ടെന്നു
            എല്ലാ ആഴ്ചയും കുറച്ചു പേരെ എലിമിനേറ്റ്‌ ചെയ്യും . കുറച്ച് കാലം കഴിഞ്ഞപ്പോള്‍ കുഞ്ഞന്‍ മുയല്‍ ഒരു കാര്യം ശ്രദ്ധിച്ചു. പങ്കെടുക്കുന്നവരില്‍ എലിമിനേറ്റ്‌ ആവുന്നത് എല്ലാം മുയലുകളും കോഴികളും കൊച്ചുകൊച്ചു ജീവികളും ആണ്. സിംഹ കുട്ടികളും പുലികുട്ടികളും ഒന്നും എലിമിനേറ്റ്‌ ആവുന്നില്ല.ഒഴിവക്കപ്പെടുന്നവരെ ഒന്നും പിന്നെ കാണുന്നില്ല.ഒരുദിവസം കുഞ്ഞന്‍ മുയല്‍ ജഡ്ജസ് തമ്മില്‍ പറയുന്നത് ഒളിഞ്ഞു നിന്ന് കേള്‍ക്കാന്‍ ഇടയായി.

വേലു കുറുക്കന്‍: >:കഴിഞ്ഞാഴ്ച എലിമിനേറ്റ്‌ ചെയ്ത മൊട്ടു മുയലിനു എന്തൊരു സ്വാദായിരുന്നു. നമുക്കെല്ലാവര്‍ക്കും വയര് നിറച്ച് തിന്നാന്‍ അവന്‍റെ കുറെ ബന്ധുക്കളുംകൂട്ടുകാരും ഉണ്ടായിരുന്നു .
വരയന്‍ കടുവ: ഇത്തവണയും മുയലിറച്ചി മതി.കുഞ്ഞന്‍ മുയലിനെ കാണുമ്പോള്‍ കൊതിയാവുന്നു. അവനെ എലിമിനേറ്റ്‌ ചെയ്യാം. അവന്‍റെ അടുത്ത ബന്ധുക്കളെം കൂട്ടുകാരേം ഒക്കെ കൂട്ടാന്‍ പറയണം ഒരാഴ്ച കുശാല്‍.
നീളന്‍ പെരും പാമ്പ്‌:> ഹായ്‌ ഹായ്‌ ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നു. അടുത്ത വര്ഷം കൂടുതല്‍ മുയലുകളെ ഈ പരിപാടിയില്‍ എടുക്കണം.
.       കുഞ്ഞന്‍ മുയല്‍ വിറച്ചു പോയി, ഈ പരുപാടി തന്നെ ഇവര്‍ക്ക്  തിന്നാനുള്ള കൊച്ചു ജീവികളെ കൊണ്ടുവരാന്‍ ആണ്. ഇതിനൊരറുതി വരുത്തണം. കുഞ്ഞന്റെ എലിമിനേഷന്‍ ഡേ വന്നെത്തി. പതിവ് പോലെ എലിമിനഷന്‍ കഴിഞ്ഞു തന്നെയും തിന്നുമെന്നു കുഞ്ഞന്‍ മുയലിനു മനസ്സിലായി. കുഞ്ഞന്‍ മുയല്‍ ക്യാമറാ മാന്‍ വേണു പുള്ളിമാനെ കാര്യം എല്ലാം പറഞ്ഞു മനസ്സിലാക്കി ജഡ്ജസിന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ പുള്ളിമാന്‍ കുഞ്ഞന്‍ മുയലിനെ സഹായിക്കാം എന്നേറ്റു.
                   അവന്‍ ക്യാമറയില്‍ സ്വിച്ച് ഓഫ്‌ ചെയ്താലും പ്രവര്ത്തിക്കത്തക്ക വിധത്തില്‍  ചില സൂത്രപ്പണികള്‍ ഒപ്പിച്ചു..എലിമിനേഷന്‍ കഴിഞ്ഞവര്‍ വിശ്രമിക്കുന്ന മുറിയില്‍ വെറുതെ വച്ചിരിക്കുന്ന ക്യാമറയും ഓണ്‍ ചെയ്ത് പ്രധാന ക്യാമറാ ദ്രിശ്യങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ പാകത്തിലാക്കി, .           എലിമിനഷന്‍ കഴിഞ്ഞു കുഞ്ഞനെ തിന്നാന്‍ വന്നത് ക്യാമറ ഒപ്പി എടുത്ത്‌ ലൈവ് ആയി കാടു മുഴുവന്‍ കാണിച്ചു.കാണികള്‍ ആയി പരിസരത്ത്‌ ഉണ്ടായിരുന്ന മൃഗങ്ങള്‍ ഓടിച്ചെന്നു കുഞ്ഞന്‍ മുയലിനെ രക്ഷിച്ചു.   അതോടെ ജഡ്ജസിന്റെ യഥാര്‍ത്ഥ മുഖം എല്ലാവര്ക്കും മനസ്സിലായി, അവരെ കാട്ടുമൃഗങ്ങള്‍ എല്ലാം കൂടി കൈകാര്യം ചെയ്തു. ജീവന്‍ രക്ഷപെട്ട ആശ്വാസത്തില്‍ കുഞ്ഞന്‍ സന്ദേശമായി പറഞ്ഞു, ഇത്തരം കള്ളപ്പരിപാടികളെ സൂക്ഷിക്കുക.

                                    നിധീഷ്‌ വര്‍മ്മ

Monday, 29 April 2013

പൊടിക്കവിതകള്‍ ,എന്‍റെ നെടുവീര്‍പ്പുകള്‍

അനശ്വര പ്രണയം
==============================
താജ് മഹല്‍ പണിയാന്‍ പണമില്ല
പ്രണയം പ്ലാസ്ടിക് കവറിലാക്കി കുഴിച്ചിട്ടു
പതിനായിരം വര്‍ഷത്തേക്ക് അനശ്വര പ്രണയം
**************************************


മനുഷ്യനും പിശാചും
====================
മനുഷ്യനും പിശാചും ചങ്ങാതികളായി 
പിശാചിന്‍റെ നിലവിളി
അയ്യോ എന്നെ വഞ്ചിച്ചേയ്‌.........
**************************

മന:സാക്ഷി
=================
ചതിയ്കും വഞ്ചനയ്കും വന്‍ വിലയുള്ള 
ചന്തയില്‍ പണയം വെയ്കാന്‍ പോലും കൊള്ളാത്ത 
മന:സാക്ഷി ഫൂ ...
******************************

                                        നിധീഷ്‌ വര്‍മ്മ രാജാ യു

Sunday, 14 April 2013

പ്രണയത്തിന്‍റെ ഋതു



വസന്തമാണെന്നും  എന്നിലെ മാറാത്ത
ഋതു അത് നിന്നുടെ ഓര്‍മ്മയാല്‍
കാലം മാറുന്നു ഭാവങ്ങള്‍ മാറുന്നു 
ചാക്രികം ഈ ലോകവും മാറുന്നു
വര്‍ഷമാപിനിയ്കാവില്ലളക്കുവാന്‍ 
മഴയെനിക്കെന്ത്‌ ഓര്‍മ്മകള്‍ തന്നെന്ന്
ശരത് നിലാവിന്റെ നനുത്ത വെളിച്ചമായ്
നിന്റെയോര്‍മ്മകള്‍ എന്നില്‍ നിറയുന്നു
ഗ്രീഷ്മ കാലത്തിന്‍ ഉഗ്ര താപം പോലും
നിന്‍റെ ഓര്‍മ്മകുടകള്‍ ചൂടീടുന്നു
ശിശിരകാലത്തിന്‍ മഞ്ഞു കണങ്ങളില്‍
കണ്ടതും നിന്‍റെ ചിത്രമല്ലയോ
കൊയ്ത്തുപാട്ടിന്റെ താളത്തിനൊപ്പിച്ച്
ഹേമന്തവും നിന്‍ ഗാനം മൂളുന്നു
കാല ഭേദങ്ങള്‍ ഭാവങ്ങള്‍ മാറ്റിടാം
എങ്കിലും ഭൂമി വേര് മുറിക്കുമോ
എന്നപോല്‍ കാലമേതായാലും
നിന്‍റെ ഓര്‍മ്മയാനെന്റെ ശ്വാസ ഗതി 
ഭൂമി നല്‍കും വരങ്ങളെ ഒക്കെയും
കൃത്രിമം ചെയ്യും മാനവ മാനസം 
നിന്‍റെ ഓര്‍മ്മകള്‍ ഗാനമായ്‌ ചിത്രമായ്‌
മാറ്റുന്നു ഒരു കാമുക മാനസം
NIDHEESH VARMA RAJA U 
www.nidheeshvarma.blogspot.com

Saturday, 13 April 2013

വിഷുക്കൈനീട്ടം



പുലര്‍കാല വേളയില്‍ കണ്ണനെ കണികണ്ട്
വിഷു സംക്രമം ഘോഷിച്ചിടുമ്പോള്‍
ചക്കയും മാങ്ങയും നാടിന്റെ വിളകളും
കണിയായ്‌ നിറഞ്ഞിടുമ്പോള്‍
കൊന്നപ്പൂ കിട്ടുവാന്‍ നാട്ടിലെ കുട്ടികള്‍
ഒത്തു ശ്രമിച്ചിടുമ്പോള്‍
വിഷുപക്ഷി പാടുന്ന പാട്ടിന്‍റെ താളം
നാമേറ്റ് പാടിടുമ്പോള്‍
പൊന്നിന്‍ നിറമൊത്ത ഒട്ടുരുളിക്കുള്ളിലായ്‌
കണ്ടതീ നാടിന്റെ നന്മയല്ലേ
കൈനീട്ടം കിട്ടിയ നാണയത്തുട്ടുകള്‍
ഈ നാടിന്‍ സമൃദ്ധിയല്ലേ
പൊന്നിന്‍ പ്രഭവിടര്‍ത്തും നിലവിളക്കും
വര്‍ണ്ണ പ്രഭ പരത്തും പൂത്തിരിയും
വിഷുവെന്ന സ്വപ്നം പരത്തിടുമ്പോള്‍
             
   എല്ലാ മലയാളികള്‍ക്കും എന്‍റെ വിഷു ആശംസകള്‍
                  നിധീഷ്‌ വര്‍മ്മ രാജ യു

Tuesday, 26 February 2013

സൃഷ്ടിയും ദൈവവും പരിണാമവും


       ദൈവ വിശ്വാസം സ്രഷ്ടിയുമായി ബന്ധപ്പെടുത്തെണ്ട കാര്യമുണ്ടോ?. ലോകം സ്വയം ഉരുവം കൊണ്ടതെന്കില്‍ ദൈവത്തിനു എന്ത് പ്രാധാന്യമാണ് ഉള്ളത്. പ്രാര്‍ത്ഥനകൊണ്ട് എന്ത് ഫലമാണ് ഉള്ളത്? നമുക്ക്‌ ഇത്തരം വിഷയങ്ങള്‍ ഒന്ന് ചിന്തിക്കാം.
   ദൈവം സൃഷ്ടിച്ചതാണോ ഈ ഭൂമിയും പ്രപഞ്ചവും?
                               മനുഷ്യനെ  ഇന്നും കുഴക്കികൊണ്ടിരിക്കുന്ന * അടിസ്ഥാന പരമായ ചോദ്യം ആണിത്.   ദൈവം സൃഷ്ടിച്ചതാണെന്ന് ദൈവ വാദികളും, ദശ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പരിണാമം സംഭവിച്ചുണ്ടായതെന്നു ശാസ്ത്രവും പറയുന്നു. ഒരു ക്ലോക്ക് കണ്ടാല്‍ അതിനൊരു സൃഷ്ടാവ് ഉണ്ടെന്നു മനസിലാക്കുന്നത് പോലെ ഈ ഭൂമിയില്‍ ജീവനുണ്ടെങ്കില്‍ അതിനൊരു സൃഷ്ടാവ്‌ ഉണ്ടാവുമല്ലോ എന്നത്‌ ആണ് സൃഷ്ടി വാദത്തിന്റെ അടിസ്ഥാനം.   സ്രിസ്ഷ്ടിവാദം മാത്രമല്ല ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം.ഹൈന്ദവ സങ്കല്പ്പ പ്രകാരം സൃഷ്ടി യുടെ ദൈവമായ ബ്രഹ്മാവിനേക്കാള്‍ പ്രാധാന്യം  സ്ഥിതിയുടെയും സംഹാരത്തിന്റെയും മൂര്ത്തിക്ള്‍ ആയ വിഷ്ണുവിനും ശിവനും ലഭിച്ചിരിക്കുന്നു.       മനുഷ്യനില്‍ ദൈവ സങ്കല്പം രൂപം കൊണ്ടതിനു ശേഷമാകണം സൃഷ്ടി സങ്കല്പം ഉണ്ടായിരിക്കുക. മനുഷ്യന്റെ ബൌധീക വളര്‍ച്ചയുടെ ഭാഗം തന്നെയായിരുന്നു ദൈവീക സങ്കല്പത്തിന്റെ വളര്‍ച്ചയും ശരി തെറ്റുകളുടെ പാപ പുണ്ണ്യ ബോധവും.      
           ബുദ്ധിപരമായി ഡിസൈന്‍ ചെയ്തതാണ് ലോകം എങ്കില്‍ പോലും പരിണാമത്തിനു അതിന്റേതായ സാംഗത്യമുണ്ട്.  മനുഷ്യന്‍ കണ്ടുപിടിച്ച്ചതൊന്നും എന്നും ഒരേ രൂപത്തില്‍ ആയിരുന്നില്ലല്ലോ?അവ മെച്ചപ്പെടുത്തി മെച്ചപ്പെടുത്തി ഇന്ന് കാണുന്ന രൂപത്തില്‍ എത്തി ചേര്‍ന്നതല്ലേ?കാറിന്‍റെ ആദ്യ രൂപവും ഇന്നത്തെ രൂപവും ഒന്ന് ചിന്തിച്ചാല്‍ അത് മനസ്സിലാവും. ദൈവത്തിന്റെ ഒരു മെച്ചപ്പെടുത്തല്‍ ആയി നമുക്ക്‌ പരിണാമത്തെ കാണാവുന്നതാണ്.പരിണാമം എന്നാല്‍ ഒരു ജീവി ഒരു സുപ്രഭാതത്തില്‍ മറ്റൊരു ജീവി ആകുന്ന പ്രക്രിയ അല്ല. മറിച്ച് ഒരു പൊതു പൂര്‍വികനില്‍ നിന്ന് ഒരേ വിഭാഗത്തില്‍ പെട്ട വ്യത്യസ്ഥ ജീവികള്‍ പരിണമിച്ച് ഉണ്ടാകുന്ന ദീര്‍ഖ കാല പ്രക്രിയ ആണ്. മനുഷ്യനും ചിമ്ബാന്സിയ്യും എല്ലാം ഒരു പൊതു പൂര്‍വികനില്‍ നിന്ന് ഉണ്ടായതെന്ന് സാരം. ഒരു മരത്തിന്റെ ശിഖരങ്ങള്‍ വേറെ എങ്കിലും തായ്‌ തടി ഒന്നല്ലേ അതുപോലെ. നമുക്ക്‌ മനസ്സിലാകാന്‍ കാറിന്‍റെ ഉത്ഭവം നോക്കിയാല്‍ മനുഷ്യന്‍ ആദ്യം ചക്രം കണ്ടെത്തി ->ചക്രത്തില്‍ പ്ലാറ്റ് ഫോം ഖടിപ്പിച് മനുഷ്യന്‍ വലിക്കാന്‍ തുടങ്ങി -> വണ്ടി വലിക്കാന്‍ മൃഗങ്ങളെ ഉപയോഗിച്ചു തുടങ്ങി ->മൃഗങ്ങള്‍ക്ക് പകരം ആവി യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങി -> ആവി യന്ത്രത്തിന് പകരം ഡീസല്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കന്‍ തുടങ്ങി ->വിവിധ തരം വാഹനങ്ങള്‍ ഉണ്ടായി. ഇവിടെനിന്നും കാറും കാളവണ്ടിയും ഒരേ ആശയത്തില്‍ നിന്നുണ്ടായതാണെന്ന് മനസ്സിലാക്കാം എന്നാല്‍ കാളവണ്ടി പരിണമിച്ചാണ് കാര്‍ ഉണ്ടായതെന്ന് പറയുന്നില്ല പകരം കാറിനും മറ്റു മോട്ടോര്‍ വാഹനഗള്‍ക്കും ഒരു പൊതു പൂര്‍വികന്‍ ഉണ്ട് എന്നേ പറയുന്നുള്ളൂ.
                             ദൈവം ദിവസങ്ങള്‍ കൊണ്ട് സൃഷ്ടിച്ചു എന്ന് പറയുമ്പോള്‍ ദൈവത്തിന്റെ ഒരുദിനം എന്നത് മനുഷ്യന്റെ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എന്നും കളിമണ്ണ്‍ എന്നാല്‍ അജൈവ വസ്തു, പഞ്ചഭൂതങ്ങള്‍ എന്നാല്‍ വിവിധങ്ങളായ തന്മാത്രകള്‍ എന്നും കണക്കാക്കിയാല്‍ വേണമെങ്കില്‍ശാസ്ത്രവും വിശ്വാസവും ഒത്ത് ചേര്ക്കാവുന്നതാണ്.
                        ഹൈന്ദവ സ്ന്കല്പ പ്രകാരം ഒന്നില്‍ നിന്ന് പലതായി "അതിന്റെ" സങ്കല്പ്പ പ്രകാരം ഉണ്ടായി എന്ന് പറയുന്നു. ഓരോ വസ്തുവും സ്വയം പുനരുല്പാദിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്യുന്ന രൂപത്തില്‍ ആണ് ഉരുവം കൊണ്ടിരിക്കുന്നത്.വെറുതെ പറക്കുന്ന അപ്പൂപ്പന്‍ താടിപോലും പലതാകുക എന്ന സങ്കല്‍പ്പത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു.എല്ലാ ജീവ ജാലങ്ങളിലും ഉള്‍ക്കൊള്ളുന്നത് ആ പരമ ചൈതന്യത്തെയാണ്. ഈശാവാസ്യമിഥം സര്‍വ്വം എന്നതില്‍ നിന്ന് ഈ ലോകത്തില്‍ എല്ലാ ജീവ ജാലങ്ങളിലും ആ ചൈതന്യം കുടികൊള്ളുന്നതായി കാണാം. ഈ പ്രപഞ്ചത്തില്‍ നിറഞ്ഞുവിളങ്ങുന്ന ഒരു ചൈതന്യത്തെ പരബ്രഹ്മം എന്ന് വിളിക്കുന്നു. അത് നിര്‍ഗ്ഗുണവും നിരാകാരവും ആകുന്നു.  നിര്‍ഗ്ഗുണവും നിരാകാരവും ആയ പരബ്രഹ്മത്ത്തിനെ ആരാധിക്കുവാന്‍ മനസ്സ് ആശക്തമായതിനാല്‍ സഗുണ ആരാധന ഉണ്ടായി. അതിന്ക്കുരിച്ച്ചു വിശദമായി ഇവിടെ വായിക്കാം http://nidheeshvarma.blogspot.in/2012/12/blog-post.html#.USzXRx0wq1s
  ദൈവ സങ്കല്പം എന്നത് തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാവിന്റെതിനും തനിക്ക് വേണ്ടുന്നതെല്ലാം നേടി നല്‍കുന്ന നല്ല പിതാവിനോടും ഒപ്പമാണ്. തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കുന്ന  അധികാരിയായും, അത്ഭുതങ്ങള്‍ സാധ്യമാക്കുന്ന അമാനുഷ്യന്‍ ആയി, തന്‍റെ പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ സാധിക്കുന്ന സുഹൃത്തായി നേര്‍വഴിക്ക് നടത്തുന്ന സഹോദരനായി, ഇഷ്ടങ്ങള്‍ സാധിച്ച് തരുന്ന സുഹൃത്തായി എല്ലാം നമുക്ക്‌ ദൈവത്തെ കണക്കാക്കാം.  അത്തരം സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും അതിനു തക്ക ഫലത്തെ നല്‍കുന്നു.  ദൈവ വിശ്വാസത്തിന്‍റെ ആവശ്യകത ഇവിടെ വായിക്കാവുന്നതാണ് http://nidheeshvarma.blogspot.in/2013/01/blog-post.html