എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Wednesday, 20 August 2014

എല്ലാവരും കവികളാണ്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
 സ്വപ്നം പാരമ്പര്യമായി കിട്ടിയത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയാത്തത് കേള്‍ക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയുന്നതിനപ്പുറം ധ്വനിപ്പിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എഴുതാ‍പുറം വായിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
തന്നെത്താനെങ്കിലും പ്രണയിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
 വേദനകളുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
വേദനകള്‍ക്ക് സന്തോഷമുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റു കവിതകളോട് അസൂയ

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റുള്ളവര്‍ക്ക് മനസിലാവാതെ പോകുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
അപ്രതീക്ഷിത ഭംഗിയുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
നോവുകള്‍ ബാക്കിയാവുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എപ്പോഴും പൂര്‍ത്തിയാവാത്തൊരു കവിത
മനസില്‍ കൊണ്ടു നടക്കുന്നത്

Saturday, 12 July 2014

ചോരക്കാലം

കാലമേ നിന്റെ ചോരക്കൊതിയൊട്ടും
തീർന്നിട്ടില്ലേ പുതിയ നൂറ്റാണ്ടിലും
ചോര ചിന്തി തെറിക്കുന്ന ബാല്യവും
കൊന്നു കൂട്ടുവാൻ വെമ്പും യുവാക്കളും
തോരുന്നില്ല അമ്മയ്കു കണ്ണുനീർ
വൈധവ്യത്തിൽ തീരും മധുവിധു
എന്തു  തത്ത്വ മത ശാസ്ത്രമോതിലും
ന്യായമില്ലതിനുത്തരമേകുവാൻ
ഗാസ,ബാഗ്ദാദ് ,സിറിയ, സുഡാനിലും
ചരിത്ര താളിലെ ഹിറ്റ്ലറിൻ കാലവും
രണ്ട് ലോക മഹായുദ്ധ വേളയും
എണ്ണമറ്റ കലാപവും യുദ്ധവും
കൊന്നുകൂട്ടും ഭരണകൂടങ്ങളും
എന്നുമുള്ള സ്ഫോടങ്ങളും
കഷ്ടമെത്ര ജീവൻ  പൊലിഞ്ഞു പോയ്
കഷ്ടമെത്ര സ്വപ്നങ്ങൾ മാഞ്ഞു പോയ്
അന്ത്യമില്ലേ ഇതിനൊന്നും ഓർക്കുകിൽ
എന്തു കഷ്ടമീ സുന്ദര ഭൂമിയെ
നരകമാക്കുന്നീ നരാധമർ നിത്യവും

Tuesday, 17 June 2014

പുഷ്പ ലോകം

ഫാഷൻ മാറിയതറിയാതെ
കുളിച്ച് അമ്പലത്തിൽ പോകുന്നു
തെറ്റിപ്പൂ.....

സുഗന്ധമേറെ പരത്തിയിട്ടും
പേരുദോഷം മാറാതെ
മുല്ലപ്പൂ........

ഏതു നിറത്തിൽ വന്നിട്ടും
ഭ്രാന്തന്റെ ചെവിയിൽനിന്ന്
രക്ഷയില്ലെന്ന് ചെമ്പരത്തി

മുള്ളാങ്ങളമാരുടെ
സംരക്ഷണം ഭാരമെന്ന്
റോസാപ്പൂ

വിഷുക്കാലം
നീട്ടിനൽകാൻ
കണിക്കൊന്ന...

വിദേശപൂക്കൾകതിരെ
സ്വാതന്ത്രസമരത്തിന്
കൊങ്ങിണിപ്പൂ...



Friday, 6 June 2014

ശൈലീകലഹം

 മരുഭൂമിയിൽ സൂര്യനസ്തമിക്കെ
വിശ്രമവേളയിൽ ഒത്തുകൂടി
മലയാളനാട്ടിലെ പത്തുദിക്കിൽ
നിന്നെത്തി ജീവനം തേടുമവർ

കുശലങ്ങൾ, സ്വപ്നങ്ങൾ പ്രാരാബ്ദവും
രാഷ്ട്രീയ സാഹിത്യ ചിന്തകളും
ആഗോളമായ ചലനങ്ങളും
ഒക്കെയും പങ്കുവെച്ച് ഒത്തുകൂടി

ഓരോരോ നാട്ടിലെ ശൈലിയുടെ
മാഹാത്മ്യമോതി അവരു തമ്മിൽ
മറ്റുള്ള നാട്ടിലെ ശൈലിയൊക്കെ
തെറ്റെന്നുറപ്പിച്ചു വാദമെയ്തു

വാദങ്ങൾ മൂത്തു കൈയ്യങ്കളിതൻ
വക്കോളമെത്തി കാര്യമായി

പെട്ടന്നൊരു മാതൃ രൂപമെത്തി
വാത്സല്യമോടവരോട് ചൊല്ലി
എന്റെ പ്രിയപ്പെട്ട മക്കൾ നിങ്ങൾ
തെറ്റല്ല നിങ്ങൾ തൻശൈലിയൊന്നും
ചൊല്ലും മനസ്സിൽ വിഷമില്ലെങ്കിൽ
 ശൈലികൾ എല്ലാം ചേലുതന്നെ
തെറ്റെന്നു ചിന്തിച്ചിടാതെ തന്നെ
നാടിന്റെ ശൈലിയെ നെഞ്ചിലേറ്റാം
ചിത്തത്തിലുള്ളതു മോശമെങ്കിൽ
ശുദ്ധമാം ഭാഷയിൽ കാര്യമുണ്ടോ
ചൊല്ലുമ്പോൾ അർത്ഥലോപം വരാതെ
ആശയകൈമാറ്റം സാധ്യമായാൽ
മലയാളമാതാവ് ധന്യയാകും
++++++++++++++++++++++++++++++++++++++

Thursday, 22 May 2014

വാർത്താ ദിനം

രാവിലെ ടി വി തുറന്നൂ പിന്നെ
വാർത്താചാനലിൻ മുന്നിലിരുന്നു
ബ്രേക്കിങ്ങ് ന്യൂസുകൾ ഓരോന്നായി
മിന്നിമറഞ്ഞാ ചെറിയൊരു തിരയിൽ

കാണാതായ വിമാനക്കഥയും പൊട്ടും
ബോംബിൻ എണ്ണവുമെല്ലാം
ക്രിക്കറ്റ് സ്കോററിയുന്നത് മാതിരി
ചാരിയിരുന്നു കണ്ടു രസിച്ചു

പെട്ടന്നെത്തി ഞെട്ടും വിധമായ്
മുഖ്യൻ രാജിക്കെന്നൊരു വാർത്ത
ചോദ്യചിഹ്നവുമിട്ടിട്ടങ്ങിനെ
ബ്രേക്കിങ്ങായി സ്ക്രീനിൽ ഒഴുകി

ചർച്ച തുടങ്ങി മുഖ്യനു പകരം
മുഖ്യൻ ആവാൻ ആരിനി മേലിൽ
പാർട്ടി പിളർത്തി ചാടാനാണോ
പ്രതിപക്ഷത്തിൻ  കടുംകയ്യാണോ
സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും
വാരിയതാണോ ചർച്ച തുടങ്ങി

ചർച്ചക്കാരവർ പതിവിൻ പടിയായ്
ചാനലുതോറും ബ്ലാ ബ്ലാ തുടങ്ങി
ഒരുവൻതന്നെ പലവിധചാനലിൽ
തൽസയത്തിന്നെത്തുന്നൊരു മായം
എന്തൊരു വൈഭവം എന്തൊരു ജ്ഞാനം
എല്ലാ ചർച്ചയും ഇവരാൽ തന്നെ
അറിയേണ്ടുന്ന പലവിധ കാര്യം
ചർച്ചയ്കുള്ളിൽ മുങ്ങിപ്പോയി

രാവിലെ മുതലവർ ചർച്ചയിലൂടെ
പലരെ മുഖ്യന്മാരായ് മാറ്റി
വൈകുന്നേരത്തോടെ മുഖ്യനും
പാർട്ടിതലവനും ഒന്നായ് ചൊല്ലി
രാജി വാർത്തകൾ ഊഹം മാത്രം

ചർച്ചകളെല്ലാം പാഴായ് മാറി
ചർച്ചകൾ കേട്ടവർ മണ്ടന്മാരായ്
പുതിയൊരു ചർച്ചയ്കെന്തൊരു മാർഗ്ഗം
ചാനലുകാരവർ വാർത്ത തിരഞ്ഞു

പുഴ


Tuesday, 13 May 2014

ഹൃദയത്തിനുള്ളിൽ

ചില്ലുകൂട്ടിൽ അത്യാസന്നമായൊരു
ഹൃദയമിന്നിതാ നേർത്തു തുടിക്കുന്നു
അനന്തമാകുന്നൊരീ പ്രപഞ്ചത്തിൽ
തന്റെ സ്ഥാനം അറിയാതെ പോയത്
പോയിടും വഴിയൊക്കെ ശരിയെന്ന്
തോന്നി തോന്നുംപോൽ നടന്നത്
പ്രണയ ദാഹത്തിൽ നീറിപ്പുകഞ്ഞുള്ളീൽ
മറ്റൊരു ഹൃദയം വഹിച്ചത്
തന്റെ നേട്ടങ്ങൾ മാത്രം മോഹിച്ചിട്ട്
മറ്റ് ഹൃദയങ്ങൾ പാടേ തകർത്തത്
നേടിയതൊക്കെ ഉള്ളിലോർത്തും കൊണ്ട്
ഏറെയൂറ്റം കൊണ്ടുനടന്നത്
ഏറെയേറെ സമ്മർദ്ദമേറ്റേറെ
നേടി നേട്ടങ്ങളേറെയെന്നോർത്തത്
ഏറെ സ്നേഹിക്കുമഞ്ചാറു പേർക്കായി
കെട്ടിപ്പൊക്കിയ സാമ്രാജ്യമുണ്ടതിൽ
ഒക്കെ നേർത്തമിടിപ്പ് നിൽക്കും
നേരം മാഞ്ഞിടുന്ന മനോഹര ചിത്രങ്ങൾ