എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Sunday, 9 November 2014

നഗരയാത്രികൻ

നഗര വീഥിയിൽ തിക്കും തിരക്കിന്റെ
ഇടയിലുണ്ട് ഞാൻ യാത്രികനായിതാ
പലരുമുണ്ടെനിക്കൊപ്പമീ വീഥിയിൽ
പലലക്ഷ്യങ്ങളിൽ പാഞ്ഞു നടക്കുവോർ
പുകവമിക്കുമീ യന്ത്ര ശകടങ്ങളിൽ
ലക്ഷ്യമേറെ താണ്ടുവാനുള്ളവർ
നിത്യ വൃത്തിക്ക് വേലപാർക്കേണ്ടവർ
അലസമുല്ലാസയാത്രയ്ക് വന്നവർ
നീറിടുന്ന മനസുമായെത്തിയോർ
ഭാവിയേറെ കരുതുവാനുള്ളവർ
നഗരമാദ്യമായ് കാണുവോർ
പിന്നെയോ നഗര ജീവിത തിരയിലലിഞ്ഞവർ
കളവുവഞ്ചന ശീലമാക്കുന്നവർ
കളവുതെല്ലുമറിഞ്ഞുകൂടാത്തവർ
വഴിയിൽ ചില്ലറ വ്യാപാരം ചെയ്യുവോർ
വെറുതെനിന്നങ്ങുവായിന്നോക്കുന്നവർ
വിദ്യതേടുവോർ വീടുതേടുന്നവർ
വിരുതർ പിന്നെ നാരിയെ തേടുവോർ
കോടികൾ കയ്യിലമ്മാനമാടുവോർ
കാലണയ്കു വകുപ്പുതേടുന്നവർ
വേഷഭൂഷകൾ ഗംഭീരമായവർ
വേഷമാകെ ക്Iറിനാറുന്നവർ
വിലമതിക്കാത്ത ഗന്ധങ്ങൾ പൂശിയോർ
മൂക്കു പൊത്തേണ്ട ഗന്ധം വമിക്കുവോർ
വിവിധപ്രായത്തിലുള്ളവർ യൌവനം
ലഹരിയിൽ മുക്കി ധൂർത്തടിക്കുന്നവർ
ദമ്പദികൾ കാമുകീകാമുകർ
നേരമ്പൊക്കിനായൊത്തുകൂടുന്നവർ
സിനിമാശാലകൾ ബീച്ചുകൾ പാർക്കുകൾ
പള്ളിയമ്പലം പള്ളിക്കൂടങ്ങളും
ഫയലിൽ മുങ്ങുന്ന സർക്കാരോഫീസുകൾ
ചരിത്രമേറെ പറയുന്ന വീഥികൾ
നേരമ്പോക്കിനായേറെയിടങ്ങളും
അവിടെ കൂടും മനുഷ്യജാലങ്ങളും
ഇവയിലെങ്ങോ അലിഞ്ഞു ചേരുന്നൊരു
സത്വവും ഞാനുമെന്നുടെ യാത്രയും
നഗര വീഥിയിൽ തിക്കും തിരക്കിന്റെ
ഇടയിലുണ്ട് ഞാൻ യാത്രികനായിതാ