എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday, 31 December 2013

സമയ രേഖ

 പുലരുന്നിരുട്ടുന്നു ദിനങ്ങൾ മാഞ്ഞൂ
വെയിൽ മാഞ്ഞിടുന്നു മഴവന്നിടുന്നു
നീളുന്ന കാലത്തെ അളക്കുവാനായ്
വർഷങ്ങൾ എണ്ണുന്നു മനുഷ്യ ലോകം

എണ്ണുന്നകാലം ഇനിയേറെയുണ്ട്
അതിലേറെയുണ്ട് മുമ്പെണ്ണാത്ത കാലം
ഇനിയേറെയെണ്ണാൻ മനുഷ്യനാമോ
തോണ്ടുന്നവൻ കുഴി ഭൂമിക്കു തന്നെ

എണ്ണുന്ന കാലത്തിൽ ഒന്നു കൂടി
കഴിയുന്നു മെല്ലെ പതിവെന്ന പോലെ
കഴിഞ്ഞ വർഷത്തിൻ നീക്ക് ബാക്കി
പുതിയ വർഷത്തിൻ പ്രതീക്ഷയല്ലോ

മുറിച്ച കാലത്തിൽ മുറിച്ച സ്വപ്നം
നടക്കുമെന്നേറെ കൊതിച്ചിടുന്നു
പുതിയ വർഷത്തിൽ ശുഭമായതെല്ലാം
നടക്കുവാനാശംസകൾ നേർന്നിടുന്നു





Friday, 27 December 2013

എന്റെ ഭാഷ

കുഞ്ഞായിരുന്നപ്പോൾ അറിയാതെ കൊഞ്ചിയ
കിളിമൊഴിയാവുന്നു എന്റെ ഭാഷ
തുഞ്ചൻ കുറിച്ച കിളിപ്പാട്ടിൽകേട്ടൊരു 
ഭക്തിരസമാണിന്നെന്റെ ഭാഷ്
കുഞ്ചന്റെ തുള്ളലിനാധാരമായൊരു
ഹാസ്യശരങ്ങളാണെന്റെ ഭാഷ
ഇരയിമ്മൻ തമ്പിതൻ ഈരടി പാടുന്ന
ശൃംഗാരരസമാണിന്നെന്റെ ഭാഷ
ദ്രാവിഡ ഗോത്രത്തിൽ പേശിതെളിഞ്ഞൊരു
സംസാരഭാഷയാണെന്റെ ഭാഷ
സംസ്കൃത ഭാഷയാം രത്നം പതിച്ചൊരു
പൊന്നാഭരണമാണെന്റെ ഭാഷ
വൈദേശികർപോലും നെഞ്ചേറ്റിയൂട്ടിയ
സുന്ദര ഭാഷയാണെന്റെ ഭാഷ
ആഴത്തിലാഴത്തിൽ നേർവഴികാട്ടുന്ന
തത്ത്വങ്ങളാകുന്നു എന്റെ ഭാഷ്
അമ്പത്തൊന്നക്ഷരക്കൂട്ടങ്ങൾ ചേരുന്ന
വരമൊഴിയാകുന്നു എന്റെ  ഭാഷ
കവികളോരായിരം പാടിത്തെളിഞ്ഞൊരു
മധുരമാം കാവ്യമാണെന്റെ ഭാഷ
കഥകളോരായിരം ചൊല്ലിത്തരുന്നൊരു
കഥയുള്ള ഭാഷയാണെന്റെ ഭാഷ
പലനാട്ടിലൊക്കെയും പലതുപോൽ ചൊല്ലുന്ന
മലയാളഭാഷയാണെന്റെ ഭാഷ.
****************    നിധീഷ് വർമ്മ രാജാ യു ************************
 (സഹൃദയരുടെ നിർദ്ദേശപ്രകാരം ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്)

Tuesday, 24 December 2013

ചൂൽ

ആരൊക്കെയോ ചേർന്ന് മൂലയ്കിരുന്ന ചൂൽ
പൂമുഖം തന്നിലായ് കൊണ്ട് വച്ചു
തൂത്ത് വെടിപ്പാക്കി ആകെ തിളക്കുമെന്നാ-
വേശമോടവർ ചൊല്ലിടുന്നു
ചൂലിനു സാധിക്കും നാറുന്ന കുപ്പയെ
നീക്കിയെറിയാനെന്നോർത്തെല്ലാരും
പിന്നാലെ കൂടിനാൽ തള്ള പശുവിന്റെ
പിമ്പെ ഗമിക്കുന്ന ക്ടാവുകൾ പോൽ

ഏറ്റം പണിയുണ്ട് ചൂലിനു നീക്കുവാൻ
പറ്റിപ്പിടിച്ചോരഴുക്കുകളെ
നാറുന്നഴുക്കുകൾ പറ്റിയെന്നാലത്
കൊള്ളില്ല നല്ല സ്ഥലത്ത് തൂക്കാൻ
ആരും മടിക്കും കൈയ്യാൽ തൊടാനത്
ആകെ അഴുക്കായാൽ എന്നോർക്കണം
വൃത്തിയാക്കുന്ന ചൂൽ  വൃത്തിയാക്കീടുവാൻ
ആരും മറന്നങ്ങു പോകരുതേ

ചൂലൊന്നു വേണം അടിച്ചുതളിക്കുവാൻ
ഇൻഡ്യാ മഹാരാജ്യം വൃത്തിയാക്കാൻ
വൃത്തികൊതിക്കും ജനങ്ങളോ
ഏറ്റുന്നു ചൂലിൽ പ്രതീക്ഷകളും

Friday, 20 December 2013

ക്രിസ്ത്മസ്

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

അടയാള നക്ഷത്രം വാനിലുദിച്ചു
ആയിരം നക്ഷത്രം മണ്ണിൽ വിരിഞ്ഞൂ
ആഘോഷമായ് ഇതാ ആഘോഷമായ്
തിരു പിറവിയുടെ ആഘോഷമായ്

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

ഒരുപാട് വേദനകൾ നിന്നിലലിഞ്ഞൂ
ഒരുപാട് പാപികൾക്ക് രക്ഷയുമായി
ബദ്ലഹെമിൽ ഒരുകാലി തൊഴുത്തിൽ
ലോകത്തിൻ പ്രകാശം ഉദിച്ചുയർന്നൂ

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

ക്രൂശേറിയോനേ ഉയിർപ്പവനെ
പാപികൾക്കാശ്വാസമായവനെ
തിരു ജന്മവാർഷീകം ആഘോഷിപ്പൂ
മണ്ണിലെ മാനവ ഹൃദയങ്ങൾ

മഞ്ഞു പെയ്ത രാവിലൊരു കുഞ്ഞുപിറന്നു
മണ്ണിലിതാ രക്ഷകൻ വന്നു പിറന്നു

Tuesday, 3 December 2013

സാധാരണക്കാരൻ

എത്തിവലിഞ്ഞും ഞെരിഞ്ഞമർന്നും
ഒഴുകുന്ന ജീവിത നദി
ഒഴുക്കുനിലച്ച അഴുക്കുചാൽ

ദാരിദ്ര രേഖ മുറിച്ചു കടന്നത്
തെറ്റായെന്ന് സർക്കാർ
സമയ രേഖ മുറിച്ചുകടന്നത്
തെറ്റെന്ന് കടക്കാർ

മുകളിൽ വിഷമം താഴെ ആശ്വാസം
എത്തിച്ചാടുമ്പോഴേക്കും
അകന്നുപോകുന്ന ആഗ്രഹങ്ങൾ

തെരുവുനായ്കളുടെ
വിശപ്പൊടെ ചെലവുകൾ

ചെലവിന്റെ വശം താഴ്ന്ന തുലാസ്
നേരെയാക്കാനുള്ള അധ്വാനം

എങ്ങെനെയോ കണ്ടെത്തുന്ന താളം
ഇടയിൽ രോഗത്തിന്റെ അപതാളം

സ്വപ്നം കണ്ടും കൊണ്ടും കൊടുത്തും
ചുമ്മാതൊഴുകിത്തീരുന്നു ജീവിതം