രാമൻ നായരുടെ ചായക്കട ആയിരുന്നു ആ നാട്ടിലെ
ഫൈവ് സ്റ്റാർ ഹോട്ടൽ. അവിടെ നിന്നും വർഷങ്ങ്ളായി ചായ കുടിക്കുന്നവരും ആരോഗ്യ ദൃഡ ഗാത്രന്മാരായി
ആ നാട്ടിലുണ്ടായിരുന്നു. പുക തിങ്ങിയ കരിപിടിച്ച
അകത്തളവും വർഷങ്ങളുടെ കഥ പറയാൻ കഴിയുന്ന ആടുന്ന ബഞ്ചും നാട്ടിൽ കിട്ടുന്ന ഒരുവിധം
എല്ലാ പത്രങ്ങളും പത്രങ്ങളേക്കാൾ വിവരം നൽകാൻ കഴിയുന്ന നാടൻ പരദൂഷണങ്ങളും എല്ലാം ചേർന്ന
ഒരു ലോകമായിരുന്നു ആ ചായക്കട.
നാടൻ
പശുവിൻ പാലിൽ നല്ല മൂന്നാർ തെയില ഇട്ട കടുപ്പമുള്ള ചായ കുടിച്ചാൽ ലോകത്തെ ഏറ്റവും വിലകൂടിയ
ആരോഗ്യ പാനീയത്തെക്കാൾ ഉന്മേഷം ലഭിക്കും.മുളങ്കുറ്റിയിൽ ചുട്ടെടുക്കുന്ന പുട്ടും പപ്പട
വട്ടമൊത്ത ദോശയും നല്ല കറികളും എല്ലാം ആ നാട്ടിലെത്തുന്നവരുടെ നാവുകളിൽ രുചിയുടെ ഓർമ്മ
പ്പെരുമഴ പെയ്യിച്ചിരുന്നു. വയലോരത്ത് വിളഞ്ഞ ഏത്തപ്പഴം നല്ല വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന
വാഴയ്കാപ്പം ഉണ്ടാക്കി തീരുന്നതും വിറ്റ് തീരുന്നതും ഒരുമിച്ചായിരുന്നു.വയറ് നിറയെ
കഴിച്ചാലും കീശയധികം ഒഴിയാത്തതിനാൽ ജനങ്ങൾക്കും സന്തോഷം.
ഈയടുത്ത് നാട്ടിൽ പുതിയ ബേക്കറികൾ വന്നു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ കൃത്രിമ രുചിയുടെ
തിളങ്ങുന്ന നാടൻ മേയ്ഡ് ഫോറിൻ പലഹാരങ്ങൾ. സ്വാദ്
മുകുളങ്ങളെ ഉദ്ദീപിപ്പിക്കാൻ മാത്രം രാസ വസ്തുക്കൾ
യഥേഷ്ടം ചേർത്ത നിറവും മണവും ഉള്ള പലഹാരങ്ങൾക്ക് മുൻപിൽ രാമൻ നായരുടെ നാടൻ വിഭവങ്ങൾ
നാണിച്ചു തല താഴ്തി. വെളിച്ചം കുറഞ്ഞ പുക നിറഞ്ഞ രാമൻ നായരുടെ കട കൂടുതൽ ഇരുട്ടേറിയതും
പുക കുറഞ്ഞതുമായി മാറി.
മകന്റെ ഉപദേശപ്രകാരം രാമന്നായർ കടയിൽ
നാടൻ പലഹാരങ്ങൾക്ക് പകരം നിറവും മണവുമുള്ള് പലഹാരങ്ങൾ സ്ഥാനം പിടിച്ചു. അല്പം രാസവസ്തുക്കൾ
ചേർത്തിട്ടുണ്ടെങ്കിലും ഗുണനിലവാരം തെല്ലും കുറയാതിരിയ്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അങ്ങിനെ
ആ കട ജീൻസും ടോപ്പുമിട്ട വല്ല്യമ്മയെപോലെ ആ നാട്ടിൽ നിലകൊണ്ടു. എങ്കിലും കച്ചവടത്തിൽ
വല്ല്യ പുരൊഗതിയൊന്നുമില്ലതെ രാമൻ നായർ വിഷമിച്ചു. കടയുടെ ഭങ്ങിക്കുറവാണു ആൾക്കാർ കയറാത്തത്
എന്ന് ആരൊ പറഞ്ഞറിഞ്ഞ രാമൻ നായർ തന്റെ കിടപ്പാടം പണയം വച്ച് കട മോടി പിടുപ്പിച്ചു.
വെളിച്ച്ം നിറഞ്ഞ ചില്ല് കൊട്ടാരം പോലുള്ള കടയിൽ ആളുകൾ കൂടുതൽ കയറിയെങ്കിലും വില ഇരട്ടിപ്പിച്ചെങ്കിലും
കടം വീട്ടാനും ജോലിക്കാർക്ക് ശമ്പളം കൊടുക്കാനും എല്ലാം കഴിഞ്ഞാൽ വീട്ട് ചെലവിനും ഒന്നും
തികയാതെ വന്നു.
ഭക്ഷണം ദൈവീകമായതിനാൽ അതിൽ മായം ചേർക്കരുതെന്ന
തന്റെ പഴഞ്ചൻ നിലപാടാണു പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് നിലപാട് തിരുത്താൻ അയാൾ തീരുമാനിച്ചു.
ഇപ്പോൾ വൃത്തി പുറത്തു മാത്രം. അകത്ത് ചീഞ്ഞതും പഴകിയിതുമായ ഭക്ഷണങ്ങൾ അടുക്കളയിൽ രൂപ
പരിണാമം നേടി ജനങ്ങളിൽ എത്തുന്നു പുതിയ നിറത്തിൽ പുതിയ ഗന്ധത്തിൽ ആർക്കും ഒരു പരാതിയുമില്ലാതെ.
By Nidheesh
Varma Raja U
www.nidheeshvarma.blogspot.com