എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Wednesday 20 August 2014

എല്ലാവരും കവികളാണ്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
 സ്വപ്നം പാരമ്പര്യമായി കിട്ടിയത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയാത്തത് കേള്‍ക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയുന്നതിനപ്പുറം ധ്വനിപ്പിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എഴുതാ‍പുറം വായിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
തന്നെത്താനെങ്കിലും പ്രണയിക്കുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
 വേദനകളുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
വേദനകള്‍ക്ക് സന്തോഷമുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റു കവിതകളോട് അസൂയ

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റുള്ളവര്‍ക്ക് മനസിലാവാതെ പോകുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
അപ്രതീക്ഷിത ഭംഗിയുണ്ടാ‍വുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
നോവുകള്‍ ബാക്കിയാവുന്നത്

എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എപ്പോഴും പൂര്‍ത്തിയാവാത്തൊരു കവിത
മനസില്‍ കൊണ്ടു നടക്കുന്നത്