എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Tuesday 17 June 2014

പുഷ്പ ലോകം

ഫാഷൻ മാറിയതറിയാതെ
കുളിച്ച് അമ്പലത്തിൽ പോകുന്നു
തെറ്റിപ്പൂ.....

സുഗന്ധമേറെ പരത്തിയിട്ടും
പേരുദോഷം മാറാതെ
മുല്ലപ്പൂ........

ഏതു നിറത്തിൽ വന്നിട്ടും
ഭ്രാന്തന്റെ ചെവിയിൽനിന്ന്
രക്ഷയില്ലെന്ന് ചെമ്പരത്തി

മുള്ളാങ്ങളമാരുടെ
സംരക്ഷണം ഭാരമെന്ന്
റോസാപ്പൂ

വിഷുക്കാലം
നീട്ടിനൽകാൻ
കണിക്കൊന്ന...

വിദേശപൂക്കൾകതിരെ
സ്വാതന്ത്രസമരത്തിന്
കൊങ്ങിണിപ്പൂ...



Friday 6 June 2014

ശൈലീകലഹം

 മരുഭൂമിയിൽ സൂര്യനസ്തമിക്കെ
വിശ്രമവേളയിൽ ഒത്തുകൂടി
മലയാളനാട്ടിലെ പത്തുദിക്കിൽ
നിന്നെത്തി ജീവനം തേടുമവർ

കുശലങ്ങൾ, സ്വപ്നങ്ങൾ പ്രാരാബ്ദവും
രാഷ്ട്രീയ സാഹിത്യ ചിന്തകളും
ആഗോളമായ ചലനങ്ങളും
ഒക്കെയും പങ്കുവെച്ച് ഒത്തുകൂടി

ഓരോരോ നാട്ടിലെ ശൈലിയുടെ
മാഹാത്മ്യമോതി അവരു തമ്മിൽ
മറ്റുള്ള നാട്ടിലെ ശൈലിയൊക്കെ
തെറ്റെന്നുറപ്പിച്ചു വാദമെയ്തു

വാദങ്ങൾ മൂത്തു കൈയ്യങ്കളിതൻ
വക്കോളമെത്തി കാര്യമായി

പെട്ടന്നൊരു മാതൃ രൂപമെത്തി
വാത്സല്യമോടവരോട് ചൊല്ലി
എന്റെ പ്രിയപ്പെട്ട മക്കൾ നിങ്ങൾ
തെറ്റല്ല നിങ്ങൾ തൻശൈലിയൊന്നും
ചൊല്ലും മനസ്സിൽ വിഷമില്ലെങ്കിൽ
 ശൈലികൾ എല്ലാം ചേലുതന്നെ
തെറ്റെന്നു ചിന്തിച്ചിടാതെ തന്നെ
നാടിന്റെ ശൈലിയെ നെഞ്ചിലേറ്റാം
ചിത്തത്തിലുള്ളതു മോശമെങ്കിൽ
ശുദ്ധമാം ഭാഷയിൽ കാര്യമുണ്ടോ
ചൊല്ലുമ്പോൾ അർത്ഥലോപം വരാതെ
ആശയകൈമാറ്റം സാധ്യമായാൽ
മലയാളമാതാവ് ധന്യയാകും
++++++++++++++++++++++++++++++++++++++