എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday 16 January 2014

ജീവിതസദ്യ

വിദ്യാഭ്യാസം ,ജോലി ,വിവാഹം ,കുട്ടികൾ
ഈ ക്രമത്തിൽ കഴിക്കണമെന്നത്രേ ചട്ടം
പണം ഒഴിച്ച്കൂട്ടാൻ ആവശ്യത്തിനു വേണം
വീട്, കാറ്, വസ്ത്രം, ആഡംബരങ്ങൾ
ഇതൊക്കെയാണ്കൂട്ട് കറികൾ
അധികാരം വറുത്തതും
പ്രശസ്തി  പൊരിച്ചതും സ്പെഷ്യൽ
ഈ ക്രമം തെറ്റി കഴിക്കുന്നത് പരാജയമത്രേ
ചുറ്റും കൺപാർത്താൽ
ക്രമം തെറ്റി എല്ലാം നഷ്ടപ്പെട്ടവർ
അടുത്ത വിഭവത്തിനായി
ഉണങ്ങിയ കൈയ്യുമായി കാത്തിരിക്കുന്നവർ
ഒരേ പന്തിയിൽ കണ്ണുനീർ ഉപ്പുകൂടുതൽ കിട്ടിയവർ
ചിലർക്ക് എല്ലാ വിഭവങ്ങൾക്കും മധുരം
കഴിച്ചതിനു രുചി പോരന്ന് ചിലർ
കഴിച്ചത് കുറഞ്ഞ് പോയന്ന് ചിലർ
കൂടുതൽ മെച്ചപ്പെട്ടതന്ന്വോഷിച്ച് ചിലർ
ഇതൊക്കെ കട്ടു തിന്നാമെന്നും ചിലർ
തിന്നിട്ടും തിന്നിട്ടും മതിവരാതെ ചിലർ
വിവാഹം കഴിച്ചതുകൊണ്ട് പിന്നെയൊന്നും
കഴിക്കാനാവാതെ പോയ പെൺകുട്ടികൾ
ജോലി കഴിക്കേണ്ടത്  കൊണ്ട്
വിദ്യാഭ്യാസം കഴിക്കാത്ത ബാല്യങ്ങൾ
വേണ്ടപ്പെട്ടവർക്കായി എല്ലാം മാറ്റിവച്ചർ
രോഗം മൂലം ഒന്നും കഴിക്കാതെ പോയവർ
അടുത്ത ഇലനോക്കി നെടുവീർപ്പിട്ട് ചിലർ
സദ്യയുണ്ടവർ ചിലർ കുഴികളിൽ സ്വൈര വിശ്രമം തേടി
ചിലർ അഗ്നിയിലലിഞ്ഞ് വായുവിൽ പാറി പറന്നു
അവരെ ശ്രദ്ധിക്കാതെ സദ്യക്ക് പുതിയാളുകൾ നിരന്നു
*****************************************************************
നിധീഷ് വർമ്മ രാജ യു


Thursday 9 January 2014

പശ്ചാത്താപ ഘട്ടം

കാട്ടുജീവികൾ ഇഷ്ടം വിഹരിക്കും
കാട് വെട്ടി കുടിയേറി കർഷകൻ
എതിരിട്ടു കഠിനമാം കാലത്തെ
വിജയിച്ച് വിളയിച്ച കർഷകൻ
ആ തലമുറ കർഷകർ പോയില്ലേ
കാലിൽ മണ്ണൊന്നു പറ്റാൻ മടിക്കുന്ന
ആർത്തിമൂത്ത തലമുറ വന്നില്ലേ
കാശ് കാശെന്നുള്ളിൽ പറഞ്ഞിട്ട്
താനിരിക്കുന്ന കൊമ്പ് മുറിച്ചില്ലേ
ജീവികൾതൻ പൂർവ്വിക സ്വത്തിനെ
കടുംവെട്ടിനു* വിറ്റുതുലച്ചില്ലേ
കാട്ടു ജീവികൾ തണ്ണീർകുടിക്കുന്ന
കാട്ടുചോല വിഷലിപ്തമാക്കീലേ
വാഹനത്തിൻ എണ്ണപ്പെരുപ്പത്തിൽ
അന്തരീക്ഷം പുകമയമാക്കീലേ
മണ്ണു മാന്തീലേ കുന്നു തകർത്തില്ലേ
മരം വെട്ടി ഹർമ്മ്യങ്ങൾ* കെട്ടീലേ
പാറക്കെട്ടും ചെറിയമലകളും
കാട്ടരുവികൾ ചോലകുളങ്ങളും
ശ്വാസകോശമാം നെൽപാടമൊക്കെയും
ഇഷ്ടംപോലെ നികത്തിയെടുത്തെന്നാൽ
കഷ്ടമാണിന്നു ഭൂവിന്നവസ്ഥയും
ഭൂമി മൊത്തമായ് വിറ്റ് വിഴുങ്ങുവാൻ
ആർക്കധികാരമെന്നൊന്ന്
ചിന്തിച്ചീടുകിൽ ഉറക്കെ ചോദിക്കുകിൽ
കിട്ടുമുത്തരം വരുന്ന തലമുറ
നന്ദിയോടെ സ്മരിക്കുന്നൊരുത്തരം
************************************************
കടും വെട്ട്: റബ്ബർ മരങ്ങൾ മുറിക്കുന്നതിനു മുൻപ്
അവസാനത്തെ പാലും ഊറ്റിയെടുക്കാൻ നടത്തുന്നത്
ഹർമ്മ്യം : മനോഹരമായ കെട്ടിടം
********************************************
നിധീഷ് വർമ്മ രാജാ യു